കട്ടപ്പന: മോഷണക്കുറ്റം ആരോപിച്ച് ഷെൽട്ടർ ഹോമിൽ കൗമാരക്കാരനെ ക്രൂരമായി മർദിച്ചതായി പരാതി. കുമളി അണക്കര സ്വദേശിയായ പതിനേഴുകാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി. വായിൽ തുണി തിരുകി ചൂരൽ കൊണ്ട് ശരീരം അടിച്ചു പൊട്ടിച്ചെന്നാണ് ആരോപണം.
നാലു മാസങ്ങൾക്കു മുമ്പ് ടെലിവിഷൻ ചാനലിൽ മതസംബന്ധമായ പരിപാടി കണ്ടാണ് ഒമല്ലൂരിലെ വർഷിപ്പ് സെന്ററിൽ കൗമാരക്കാരൻ എത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ തങ്ങൾ സംരക്ഷിച്ച് പഠിപ്പിച്ച് ജോലിനൽകുമെന്നും സംരക്ഷണം ആവശ്യമുള്ള മുതിർന്നവരെ സംരക്ഷിക്കുന്നുവെന്നുമുള്ള ആശയമാണ് സ്ഥാപനം പ്രചരിപ്പിച്ചിരുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ഇതുകണ്ടാണ് സഹായം അഭ്യർഥിച്ചത്. തുടർന്ന് കൗമാരക്കാരനെ പഠിപ്പിച്ച് ജോലി നൽകും എന്നു പറഞ്ഞ് പത്തനംതിട്ട ഓമല്ലൂരുള്ള ഇവരുടെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ, ഇവർ ഓമല്ലൂരിൽ നടത്തിവരുന്ന വ്യദ്ധസദനത്തിലാണ് 17 കാരനെ എത്തിച്ചത്.
സ്കൂളിൽ അയയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, വ്യദ്ധസദനത്തിലെ അന്തേവാസികളെ കുളിപ്പിക്കുക, ഇവിടെ നടക്കുന്ന കെട്ടിടംപണി ജോലികൾ ചെയ്യുക , മതസ്ഥാപനവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികൾ ഓൺലൈനിൽ ലൈവായി കാണിക്കുവാൻ കാമറ ഓപ്പറേറ്റ് ചെയ്യിക്കുക തുടങ്ങിയ ജോലികളാണിവിടെ ചെയ്യിപ്പിച്ചിരുന്നതെന്ന് കൗമാരക്കാരനും കുടുംബവും പറയുന്നു.
കഴിഞ്ഞ ഒമ്പതിന് കൊല്ലത്തു നടക്കുന്ന പരിപാടി ലൈവായി ടെലികാസ്റ്റ് ചെയ്യാൻ കൗമാരക്കാരനെ കൂട്ടിക്കൊണ്ടുപോകുകയും 10ന് ഓമല്ലൂരിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതിനിടയിൽ ഇത്തരത്തിലെ ജോലികൾ ചെയ്യാനാവില്ലെന്നും തനിക്ക് പഠിക്കണമെന്നും കുട്ടി സെന്റർ നടത്തിപ്പുകാരനോട് പറഞ്ഞു. തുടർന്ന് 11ന് വൈകുന്നേരം 17 കാരൻ താമസിക്കുന്ന മുറിയിൽ കുളിക്കുവാനായി കയറിയപ്പോൾ മുറിക്കുള്ളിലേക്കെത്തിയ മാനേജരും ജീവനക്കാരും മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ചെന്നും മുറി പൂട്ടിയശേഷം പൂർണ നഗ്നനാക്കി വായിൽ തുണി തിരുകിയതിനു ശേഷം ഇരു തുടകളിലും പുറത്തും മാരകമായി ചൂരൽ വടികൊണ്ടടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തെന്നാണ് പരാതി.
കുട്ടി അറിയിച്ചതിനെത്തുടർന്ന് കുടുംബം എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. സംഭവം പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും ഇവർപറയുന്നു. കുറ്റകാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.